Wednesday, May 25, 2011

സുന്ദരന്‍ പൂച്ചിലന്തി

               കാര പൂവിന്റെ പടമെടുത്തു കൊണ്ടിരുന്നപ്പോള്‍ എന്റെയും ഫോട്ടം പിടിക്കാമോ എന്ന് ചോദിച്ചു വന്ന ഒരു സുന്ദരന്‍. വെളുത്തു തുടുത്ത ഇവനെ ഞാനും ആദ്യമായി കാണുകയാണ്.

              പൂവുകളിലും മറ്റുമാണ് ഇവന്റെ താമസം എന്നാണു പറയുന്നത്. അതുകൊണ്ട് നമുക്കിവനെ പൂചിലന്തി എന്ന് വിളിക്കാമായിരിക്കും.


എന്റെയൊരു ഷോട്ട് കൂടി

Monday, May 23, 2011

മുള്ളന്‍ കട്ടക്കാര

                  ഇടുക്കിയിലെ പുല്‍മെടുകളിലൂടെ നടക്കുമ്പോള്‍ നമ്മുടെ നാടന്‍ പെരക്കായോടു സാമ്യമുള്ള കായ്കളുമായി നമ്മെ മാടി വിളിക്കുന്ന ഒരു ചെടിയെ കാണാം. ഓടിച്ചെന്നു പരിക്കാമെന്ന് വച്ചാല്‍ നല്ല കുത്ത് കിട്ടും.
            ഇടുക്കി ജില്ലയിലെ ഉയര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് കാര.നീളമുള്ള മുള്ളുകളോട് കൂടിയ ശിഖരങ്ങള്‍ ആണിതിനുള്ളത്. മൂന്നു മീറ്ററില്‍ അധിക ഉയരത്തില്‍ വളരാറില്ല. പാറക്കൂട്ടങ്ങളോട് ചേര്‍ന്നാണ് കൂടുതലും കണ്ടുവരുന്നത്. പച്ച ഇലകളും പെരക്കായോടു സാമ്യം തോന്നുന്ന കായ്കളും വെള്ളനിറത്തിലുള്ള പൂവുകളും ആണ് ഇതിനുള്ളത്. കായ ഭക്ഷ്യയോഗ്യവുമല്ല. ചില ആയുര്‍വേദ മരുന്നുകള്‍ക്ക് ഇതിന്റെ കായും ഇലയും വേരും തൊലിയും ഉപയോഗിക്കുന്നുണ്ട്. 
മറ്റിനങ്ങള്‍ ഇതിനുണ്ടോ എന്ന് അറിയില്ല.

Tuesday, May 17, 2011

ചലിക്കുന്ന ഇലകള്‍

              ഇടുക്കി എന്റെ നാട്, ഭാരതത്തിന്റെ വാലറ്റത്തായി കിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം ഭൂമി. അത്രക്കും മനോഹാരിതയും വൈവിധ്യവും എന്റെ നാടിനു ഈശ്വരന്‍ വാരിക്കോരി തന്നിട്ടുണ്ട്. അതിന്റെ വന്യമായ സൌന്ദര്യവും വൈചിത്ര്യങ്ങളും മറ്റുള്ളവരെ അറിയിക്കുക, അതിനു വേണ്ടിയുള്ള ഒരു ചെറിയ ശ്രമം. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു.
                  കഴിഞ്ഞ ദിവസം എന്റെ മുറിയിലേക്ക് അതിക്രമിച്ചു കയറിവന്ന ഒരു വിചിത്ര രൂപിയില്‍ നിന്നാവട്ടെ തുടക്കം. ഇവന്റെ ശാസ്ത്ര നാമമോ ഒന്നും എനിക്കറിയില്ല. അറിയാവുന്നവര്‍ പറയുക. ഞങ്ങളുടെ നാട്ടില്‍ ഇലപ്രാണി എന്ന് പറയും. കശുമാവിന്റെ ഇലയില്‍ കേട് വീണതുപോലുള്ള ആകാരം മൂലം നമ്മുടെ പാവം സുഹൃത്തിനെ പച്ചിലകള്‍ക്കിടയില്‍ നിന്നും കണ്ടെത്തുക അതീവ ദുഷ്കരം. വല്ലപ്പോഴും പുറത്തു ചാടുമ്പോള്‍ മാത്രം കാണാന്‍ പറ്റും. നിങ്ങളും ഒന്ന് കണ്ട് അഭിപ്രായം പറയുക. പാവത്തിന്റെ മുന്കാലില്‍ ഒരെണ്ണം മുറിഞ്ഞു പോയി.
Related Posts Plugin for WordPress, Blogger...